ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ഭൂമി ശാസ്ത്രം

ഭൂപ്രകൃതിയനുസരിച്ച് ഇടനാട് മേഖലയില്‍ വരുന്ന മാത്തൂര്‍ പഞ്ചായത്തില്‍ കൂടുതലും കൃഷി നിലവും പുരയിടവുമാണ്. കൃഷിയോഗ്യമായ പശിമരാശിമണ്ണും ചെമ്മണ്ണുമാണ് പഞ്ചായത്തിലുടനീളം ഉള്ളത്. പ്രധാന കൃഷി നെല്ല് ആണെങ്കിലും തെങ്ങ്, വാഴ, കവുങ്ങ്, പ്ളാവ്, മരച്ചീനി, മധുരകിഴങ്ങ്, മഞ്ഞള്‍, പച്ചക്കറി, ഇഞ്ചി, റബ്ബര്‍, കൈതച്ചക്ക തുടങ്ങിയവയും ഇവിടെ ധാരാളമായി കൃഷി ചെയ്യുന്നു. ഉപയോഗയോഗ്യമായ 3 കുളങ്ങള്‍ മാത്രമുള്ള ഈ പഞ്ചായത്തില്‍ കൃഷിക്കുപയോഗിക്കുന്ന പ്രധാന ജലസ്രോതസ്സുകള്‍ മലമ്പുഴ കനാലും, ഭാരതപ്പുഴയുമാണ്. 1963 ഡിസംബര്‍ 16-നാണ് മാത്തൂര്‍ ഗ്രാമപഞ്ചായത്ത് നിലവില്‍ വന്നത്. 24.54 ച.കി.മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക്-പറളി, പിരായിരി ഗ്രാമപഞ്ചായത്തുകള്‍, കിഴക്ക്-കണ്ണാടി, പിരായിരി ഗ്രാമപഞ്ചായത്തുകള്‍, തെക്ക്-കുഴല്‍മന്ദം, കൂത്തനൂര്‍ ഗ്രാമപഞ്ചായത്തുകള്‍, പടിഞ്ഞാറ് കോട്ടായി ഗ്രാമപഞ്ചായത്ത് എന്നിങ്ങനെയാണ്. 18 വാര്‍ഡുകളുള്ള ഈ പഞ്ചായത്തിലെ മൊത്തം ജനസംഖ്യ 23679 ആണ്. ഇതില്‍ 12161 പേര്‍ സ്ത്രീകളും 11518 പേര്‍ പുരുഷന്‍മാരും ആണ്. മൊത്തം ജനതയുടെ സാക്ഷരത നിരക്ക് 94.5% ആണ്. ഈ പഞ്ചായത്തില്‍ 22 പൊതു കിണറുകളും 870 പൊതു ടാപ്പുകളും ഉണ്ട്. പഞ്ചായത്തിന്റെ പൊതുവിതരണ മേഖലയില്‍ 15 റേഷന്‍കടകളും, ഒരു മാവേലി സ്റോറും, ഒരു നീതി സ്റോറും പ്രവര്‍ത്തിക്കുന്നുണ്ട്. പഞ്ചായത്തില്‍ അങ്ങിങ്ങായി സ്ഥാപിച്ചിട്ടുള്ള 704 തെരുവുവിളക്കുകള്‍ പഞ്ചായത്ത് വീഥികള്‍ രാത്രികാലങ്ങളില്‍ സഞ്ചാരയോഗ്യമാക്കുന്നു. 1920-കളിലാണ് ആധുനിക വിദ്യാഭ്യാസ സമ്പ്രദായം മാത്തൂര്‍ പഞ്ചായത്തിലേക്ക് കടന്നുവന്നത്. അതിനുമുന്‍പ് കുടിപള്ളിക്കുടങ്ങളായിരുന്നു ഉണ്ടായിരുന്നത്. 1914-15 കാലത്ത് ഈശ്വരയ്യര്‍ മാത്തൂര്‍ പടിഞ്ഞാറെ തറയില്‍ ഒരു എല്‍ പി സ്കൂള്‍ സ്ഥാപിച്ചു. 2010-ല്‍ എത്തി നില്‍ക്കുമ്പോള്‍ സര്‍ക്കാര്‍ മേഖലയില്‍ 4 എല്‍.പി. സ്കൂളുകളും, സ്വകാര്യമേഖലയില്‍ എല്‍.പി, യു.പി ഹൈസ്ക്കൂള്‍ വിഭാഗങ്ങളിലായി 5 സ്കൂളുകളും ഉണ്ട്. കൂടാതെ സ്വകാര്യമേഖലയില്‍ ഒരു കോളേജും, രണ്ട് ടെക്നിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. മൃഗചികിത്സാരംഗത്ത് മൃഗസംരക്ഷണ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന മൃഗാശുപത്രി മാത്തൂരില്‍ സ്ഥിതി ചെയ്യുന്നു. ഐ. സി. ഡി. പി. യുടെ രണ്ട് സബ് സെന്റുകള്‍ വിശ്വലത്തും ആനിക്കോടും പ്രവര്‍ത്തിക്കുന്നുണ്ട്. ഫെഡറല്‍ ബാങ്കിന്റെ രണ്ടു ശാഖകള്‍ ചുങ്കമന്ദത്തും, മാത്തൂരിലും പ്രവര്‍ത്തിക്കുന്നു. സഹകരണ ബാങ്കിംഗ് മേഖലയും പഞ്ചായത്തില്‍ ശക്തമാണ്. മാത്തൂരില്‍ തണ്ണീരക്കാട് സഹകരണ ബാങ്ക് സ്ഥിതി ചെയ്യുന്നു. ഇതിന്റെ രണ്ട് ശാഖകള്‍ ആനിക്കോടും, ചുങ്കമന്ദത്തും പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ അര്‍ബ്ബന്‍ കോ ഓപ്പറേറ്റീവ് സൊസെറ്റിയുടെ ശാഖകള്‍ ചുങ്കമന്ദത്തും മാത്തൂരിലും പ്രവര്‍ത്തിക്കുന്നുണ്ട്. മാത്തൂരില്‍ ഗ്രാപഞ്ചായത്ത് വക കമ്മ്യൂണിറ്റി ഹാള്‍ സ്ഥിതി ചെയ്യുന്നു. പഞ്ചായത്തിലെ കൃഷി ഭവന്‍ തണ്ണീരങ്കാടും, രണ്ട് വില്ലേജ്ഓഫീസുകള്‍ ചുങ്കമന്ദത്തും, പല്ലഞ്ചാത്തനൂരും സ്ഥിതി ചെയ്യുന്നു. ചുങ്കമന്ദത്ത് ബി.എസ്.എന്‍.എല്‍ ഓഫീസും, മാത്തൂരും, മാത്തൂര്‍ അഗ്രഹാരത്തിലും, പല്ലഞ്ചാത്തനൂരും, കരിയങ്കോടും, തച്ചങ്കാട്ടുമായി അഞ്ച് സബ് പോസ്റ് ഓഫീസുകളും പ്രവര്‍ത്തിക്കുന്നുണ്ട്. റോഡുഗതാഗതത്തിന്റെ കാര്യത്തില്‍ വളരെയേറെ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒരു പഞ്ചായത്താണ് മാത്തൂര്‍. ചെറുതും വലുതുമായ 92 റോഡുകള്‍ പഞ്ചായത്തിലൂടെ കടന്നു പോകുന്നു. പാലക്കാട് ബസ് സ്റ്റാന്റ്, ആലത്തൂര്‍ ബസ് സ്റ്റാന്റ് എന്നിവയാണ് പഞ്ചായത്തിലെ റോഡ് ഗതാഗതം കേന്ദ്രീകരിച്ചിരിക്കുന്ന രണ്ട് പ്രധാന സ്ഥലങ്ങള്‍. വിദേശയാത്രയ്ക്കായി പഞ്ചായത്ത് നിവാസികള്‍ ആശ്രയിക്കുന്നത് ഏറ്റവും അടുത്ത വിമാനത്താവളമായ കോയമ്പത്തൂര്‍ വിമാനത്താവളത്തെയാണ്. പാലക്കാട് റെയില്‍വേ സ്റ്റേഷനാണ് പഞ്ചായത്തിന്റെ ഏറ്റവും അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍. കൊച്ചി തുറമുഖമാണ് പഞ്ചായത്തിനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന തുറമുഖം. ചുങ്കമന്ദത്തെ വെട്ടിക്കാട് പാലമാണ് പഞ്ചായത്തിലെ പ്രധാന പാലം. പഞ്ചായത്തിലെ പ്രധാനപ്പെട്ട വാണിജ്യകേന്ദ്രം ചുങ്കമന്ദം ജംഗ്ഷനാണ്. ചുങ്കമന്ദത്ത് രണ്ട് പഞ്ചായത്ത് ഷോപ്പിങ്ങ് കോംപ്ളക്സുകള്‍ ഉണ്ട്. ബഹുഭൂരിപക്ഷം ഹിന്ദുക്കളും ഒരു ചെറിയ ശതമാനം മുസ്ളീംങ്ങളും വളരെ ചെറിയ തോതില്‍ ക്രിസ്ത്യാനികളും അടങ്ങുന്നതാണ് മാത്തൂര്‍ പഞ്ചായത്ത്. ഹിന്ദു മുസ്ളിം വിഭാഗങ്ങളുടേതായി നിരവധി ആരാധനാലയങ്ങള്‍ ഈ പഞ്ചായത്തില്‍ ഉണ്ട്. 12 ക്ഷേത്രങ്ങളും 3 മുസ്ളീം പള്ളികളും പഞ്ചായത്തില്‍ അങ്ങിങ്ങായി നിലകൊള്ളുന്നു. ഹിന്ദുസമുദായക്കാരുടെ കൂടി സഹകരണത്തോടെ നിര്‍മ്മിച്ച് മുസ്ളീം ആരാധനാലയമായ തെരുവത്ത് പള്ളിയും, പള്ളി നേര്‍ച്ചയും ഈ പഞ്ചായത്തിലെ മതസൌഹാര്‍ദ്ദത്തിന്റെ പ്രതീകമാണ്. ആനിക്കോട് കതിര്‍ മഹോത്സവവും പഞ്ചായത്തിന്റെ സാംസ്കാരിക തനിമ വിളിച്ചോതുന്ന ആഘോഷമാണ്. കേരള സ്റേറ്റ് ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പാലാട്ട് മോഹന്‍ദാസ്, ഹെഡ് ഓഫ് ശ്രീചിത്ര കാന്‍സര്‍ സെന്റര്‍ ഡോ. രാധാകൃഷ്ണന്‍, നരവംശ ശാസ്ത്രജ്ഞന്‍ ഡോ.പി.ആര്‍.ജി. മാത്തൂര്‍,  മുന്‍ എം.എല്‍.എ ടി.കെ.അറുമുഖന്‍, നോവലിസ്റ് ഡോ.ഗണേഷ് എന്നിവര്‍ ഈ പഞ്ചായത്തില്‍ ജനിച്ചവരാണ്. മാത്തൂര്‍ ഗ്രാമപഞ്ചായത്ത് ഗ്രന്ഥശാലയും, യുവജന വായനശാലയും പഞ്ചായത്തിന്റെ സാംസ്കാരിക മേഖലയ്ക്ക് പ്രോത്സാഹനം നല്കുന്ന സ്ഥാപനങ്ങളാണ്. ആരോഗ്യ പരിപാലന രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന വിവിധ ആരോഗ്യകേന്ദ്രങ്ങള്‍ പഞ്ചായത്തിലുണ്ട്. ഹോമിയോ ഡിസ്പെന്‍സറി, മാത്തൂര്‍ പ്രാഥമിക ആരോഗ്യകേന്ദ്രം, ആനിക്കോട്, പല്ലഞ്ചാത്തനൂര്‍, തണ്ണീരങ്കാട്, മന്ദംപുള്ളി എന്നിവിടങ്ങളിലായി ഓരോ പ്രാഥമിക ആരോഗ്യ ഉപകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.