മാത്തൂര്‍ ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
മഹത് ഊര് (മഹത്വമുള്ള നാട്) എന്ന സംസ്കൃത പദം കാലക്രമത്തില്‍ ലോപിച്ച് മാത്തൂര്‍ എന്ന സ്ഥലനാമം ഈ പ്രദേശത്തിനുണ്ടായി എന്ന് പറയപ്പെടുന്നു. ഈ ഗ്രാമത്തിലെ കുന്നുപറമ്പ് കെ.റ്റി. ഫിലിപ്പ്, കോമ്പി അമ്പാട്ഗോപാലന്‍, പി.ചാത്തു കുമാരന്‍, മുതലി പല്ലന്‍ ചാത്തന്നൂര്‍ തുടങ്ങിയവര്‍ സ്വാതന്ത്ര്യ സമരത്തിന്റെ മുന്‍നിരയില്‍ നിന്നിട്ടുള്ളവരാണ്. അയിത്തം കൊടികുത്തി വാണിരുന്ന കാലഘട്ടത്തില്‍ താഴ്ന്ന ജാതി ഉയര്‍ന്ന ജാതി എന്ന വ്യത്യാസം ഇല്ലാതെ വിദ്യ അഭ്യസിക്കുന്നതിന് പാട്ടത്തില്‍ കളത്തിന്‍ അപ്പുക്കുട്ടി മന്നാടിയാര്‍ വിദ്യാവിലാസിനി എന്ന സംസ്കൃത പാഠശാല സ്ഥാപിച്ചു. എന്‍.എച്ച്. 47 മാത്തൂര്‍ പഞ്ചായത്തിന്റെ സമീപത്തു കൂടെയാണ് നിര്‍മിച്ചിരിക്കുന്നത്. 1920-കളിലാണ് ആധുനിക വിദ്യാഭ്യാസ സമ്പ്രദായം മാത്തൂര്‍ പഞ്ചായത്തിലേക്ക് കടന്നുവന്നത്. അതിനുമുന്‍പ് കുടിപള്ളിക്കുടങ്ങളായിരുന്നു ഉണ്ടായിരുന്നത്. 1914-15 കാലത്ത് ഈശ്വരയ്യര്‍ മാത്തൂര്‍ പടിഞ്ഞാറെ തറയില്‍ ഒരു എല്‍ പി സ്കൂള്‍ സ്ഥാപിച്ചു. 2010-ല്‍ എത്തി നില്‍ക്കുമ്പോള്‍ സര്‍ക്കാര്‍ മേഖലയില്‍ 4 എല്‍.പി. സ്കൂളുകളും, സ്വകാര്യമേഖലയില്‍ എല്‍.പി, യു.പി ഹൈസ്ക്കൂള്‍ വിഭാഗങ്ങളിലായി 5 സ്കൂളുകളും ഉണ്ട്. കൂടാതെ സ്വകാര്യമേഖലയില്‍ ഒരു കോളേജും, രണ്ട് ടെക്നിക്കല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. ബഹുഭൂരിപക്ഷം ഹിന്ദുക്കളും ഒരു ചെറിയ ശതമാനം മുസ്ളീങ്ങളും വളരെ ചെറിയ തോതില്‍ ക്രിസ്ത്യാനികളും അടങ്ങുന്നതാണ് മാത്തൂര്‍ പഞ്ചായത്ത.് ഹിന്ദു മുസ്ളീം വിഭാഗങ്ങളുടേതായി നിരവധി ആരാധനാലയങ്ങള്‍ ഈ പഞ്ചായത്തില്‍ ഉണ്ട്. 12 ക്ഷേത്രങ്ങളും 3 മുസ്ളീം പള്ളികളും പഞ്ചായത്തില്‍ അങ്ങിങ്ങായി നിലകൊള്ളുന്നു. ഹിന്ദുസമുദായക്കാരുടെ കൂടി സഹകരണത്തോടെ നിര്‍മ്മിച്ച് മുസ്ളീം ആരാധനാലയമായ തെരുവത്ത് പള്ളിയും, പള്ളി നേര്‍ച്ചയും ഈ പഞ്ചായത്തിലെ മതസൌഹാര്‍ദ്ദത്തിന്റെ പ്രതീകമാണ്. ആനിക്കോട് കതിര്‍ മഹോത്സവവും പഞ്ചായത്തിന്റെ സാംസ്കാരിക തനിമ വിളിച്ചോതുന്ന ആഘോഷമാണ്. കേരള സ്റ്റേറ്റ് ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പാലാട്ട് മോഹന്‍ദാസ്, ഹെഡ് ഓഫ് ശ്രീചിത്ര കാന്‍സര്‍ സെന്റര്‍ ഡോ. രാധാകൃഷ്ണന്‍, നരവംശ ശാസ്ത്രജ്ഞന്‍ ഡോ.പി.ആര്‍.ജി. മാത്തൂര്‍, മുന്‍ എം.എല്‍.എ ടി.കെ.അറുമുഖന്‍, നോവലിസ്റ്റ് ഡോ.ഗണേഷ് എന്നിവര്‍ ഈ പഞ്ചായത്തില്‍ ജനിച്ചവരാണ്. മാത്തൂര്‍ ഗ്രാമപഞ്ചായത്ത് ഗ്രന്ഥശാലയും, യുവജന വായനശാലയും പഞ്ചായത്തിന്റെ സാംസ്കാരിക മേഖലയ്ക്ക് പ്രോത്സാഹനം നല്കുന്ന സ്ഥാപനങ്ങളാണ്.